Tuesday, January 22, 2013

നൊമ്പരപ്പൂക്കള്‍
കനിവുതേടും ഭൂമിയുടെ കണ്ണീര്‍പ്പൂക്കള്‍
കാണുമ്പോളുണരുമിത്തിരി നൊമ്പരപ്പൂക്കള്‍
ആഴിപ്പരപ്പിലെ  മരതകമുത്തുകള്‍
അലകള്‍ക്കുള്ളില്‍ മറയുവനൊരുങ്ങുന്നുവോ
പ്രിയയോടു കാട്ടും ക്രൂരതകള്‍ കണ്ടു
പ്രതികാരത്താല്‍ ജ്വലിക്കും പകലോന്‍
ഉരുകിയോലിക്കും മഞ്ഞുമലകള്‍ തരും
ഉള്ളിലൊരാധി ദ്വീപുകളെല്ലാം മറയുമോ
ഉച്ചകോടികളെല്ലാം വെറും ജലരേഖകള്‍
ഉണര്‍ന്നു കുറയ്ക്കാം ആര്‍ഭാടങ്ങള്‍
നാകത്തെയും നരകമാക്കും നരന്മാര്‍ക്കു
നാളെ മുങ്ങിമരണം തന്നെ ശരണം
സ്വര്‍ഗ്ഗത്തിലേക്കു കാതോര്‍ക്കും മരങ്ങള്‍
മാറിമാറി നിറമണിയും നല്ല കുടകള്‍
മുണ്ഡനം ചെയ്യുന്നതെന്തേ മാനവര്‍
 മഴമേഘങ്ങള്‍ക്കും മടിതോന്നില്ലേ
പാഴ്ജലമായി പെയ്തിറങ്ങുവാന്‍ 
വരുംതലമുറയ്ക്കു കൊടുക്കാമൊരു വരം
വേഴാമ്പലിനെപോലെയാകട്ടെ ജന്മം
കാല്‍ചിലമ്പണിഞ്ഞൊഴുകും കല്ലോലിനികളിന്നു 
കണ്ണീര്‍ ചേര്‍ന്നൊഴുകും കരിമ്പുഴകള്‍
കളിപറഞ്ഞു പതഞ്ഞൊഴുകിയ കാലം മറന്നു
കടലലകളില്‍ ചേരാമെന്നതിന്നൊരു കനവായോ
കാണുന്നതെല്ലാം നീലസാഗരങ്ങളെങ്കിലും
ദാഹജലമില്ലാതെ കുഴഞ്ഞുപോകുമോരുനാള്‍
പൂമ്പാറ്റകളെ  നോക്കിയിരിക്കും പൂക്കള്‍
പേരിനുപോലും കാണുന്നില്ല  ഒന്നിനേയും
പാറിനടന്നുതളരും പക്ഷികള്‍ക്കു
ചേക്കേറുവാനില്ല ഹരിതാഭമാം ചില്ലകളും 
തേടിയലയുന്നു കാനനസന്തതികള്‍
ഓടിയൊളിക്കുവാന്‍ പാരിലില്ല ഒരിദവും
കുത്തഴിഞ്ഞ ശീലങ്ങളെല്ലാം വെടിയണം
കുലമറ്റു പോകുമെന്നതറിയണം
നമുക്കു നല്‍കാം പച്ചപ്പുടവ ഒരെണ്ണം
ചാര്‍ത്തി വരുന്നതു കണ്ടുനില്‍ക്കാം
മലര്‍വാടികള്‍ കൊണ്ടു നിറയ്ക്കാം
മനസ്സില്‍ വളരട്ടെയീ നൊമ്പരപ്പൂക്കള്‍
പച്ചപ്പുടവയൊരെണ്ണം

 

Friday, January 18, 2013

പൂന്തോട്ടം

അന്തിക്കു ആകാശമൊരു പൂന്തോട്ടം
കുങ്കുമമണിയും മേഘപ്പൂക്കള്‍ നിരക്കും നേരം
കായലോരത്തുടെ ഓടിമറയുമ്പോള്‍
പതിവായി കാണും അസ്തമയം
ആ ദൃശ്യമുണര്‍ത്തും അകാലത്തില്‍
കൊഴിയും മൊട്ടുകള്‍തന്‍ സ്മരണകള്‍
പൂവായി പരിലസിക്കുമൊരുനാള്‍
പൂമ്പാറ്റ പാറി വരുമെന്നൊരു കനവും
ചെറുകാറ്റേറ്റു ഉല്ലസിക്കമാപ്പോള്‍
പുഴുകുത്തേറ്റു വികൃതമാകല്ലേ ഇതളുകള്‍
കൈക്കരുത്താലെ നെടും പൂവിന്റെ
കണ്ണീരുതിരും മനസാരും കാണുന്നില്ലേ
പരിഹാസത്തിനു പാത്രമായി മാറുവതെന്തേ
പരലോകത്തിലേക്കു പോകുവാനോ തിടുക്കം
പരിചയമേറിടും മുഖങ്ങള്‍ക്കു പിന്നിലെ
പൊയ്മുഖങ്ങള്‍ തരുമൊരു നടുക്കം
പകലൊടുങ്ങുമ്പോള്‍ അഴിയും
പകല്‍മാന്യന്‍മാരുടെ മൂടികള്‍
പാതകളിലെല്ലാം പതുങ്ങിയിരിക്കും
പിന്‍തുടര്‍ന്നെത്തുമാ കാലടികള്‍
പത്നിതന്‍ സമ്മതമോതിടാത്ത
പതിയും അപരിചതനു സമം
പറയുവാനാകുകയില്ല ആരോടും
പരാതിപ്പെട്ടിയായിത്തീരും ജീവിതം
കൊലുസണിയേണ്ട പാദങ്ങള്‍ക്കേകല്ലേ
കനത്ത ചങ്ങലതന്‍ ബന്ധനങ്ങള്‍
പകരം പൊരുതാനേകാം  ആവേശം
പാരില്‍ ഒരുങ്ങട്ടെ ഒരുപുതിയ പൂന്തോട്ടം

Wednesday, January 16, 2013

മഴമുത്തുകള്‍

മഴമുത്തുകള്‍ 
16 -01-2013

ആകാശത്തിന്‍ മടിയില്‍ നിന്നുതിരും

മുത്തുകള്‍ പതിവായി പോകും വഴികള്‍
ആഴിതന്‍ അഗാധതയിലേക്കോ യാത്ര
അവര്‍ക്കൊപ്പം ചേരുകയാണൊരു മാത്ര
വെന്തുരുകും ഭൂമിക്കു ആധിയോ
വേനല്‍മഴ ഇനിയും വൈകുവതെന്തേ
ഈറനുടുത്തുനില്‍ക്കും നിനക്കു
സൂര്യനേകുമല്ലോ മഴവില്ലിന്‍ മാല
കളകളമൊഴുകും അരുവികള്‍
അണിയിക്കും പാദസരങ്ങള്‍
വരണ്ട മണ്ണില്‍ നീയണിയും നേരം
ഉണരും വിത്തുകള്‍ക്കു പുതുമഴ
കാര്‍മേഘത്തേരിലെത്തും കര്‍ക്കിടകം
 കണ്ണുകളെയാകെ നിറച്ചോ മടക്കം
തുള്ളികള്‍ ചേര്‍ന്നൊരു തുലാമഴ
ഉറച്ചു പെയ്യാത്തൊരു ചാറ്റല്‍മഴ
കളിവീടുകളില്‍ കഥപറയാനെത്തും
കുരുന്നുകള്‍ക്കു നീ കുസൃതിമഴ
പാടവരമ്പത്തെ നീരില്‍ നീന്തും
പരലുകള്‍ക്കു പനീനീര്‍മഴ
കനവുകള്‍ കാണാന്‍ തുടങ്ങും
കൗമാരത്തിനു നല്ലൊരു  വര്‍ണ്ണമഴ
പതിനേഴിന്‍  പ്രായമണഞ്ഞാല്‍
പിന്നെ പകല്‍ക്കിനാവിന്‍ പൂമഴ
സ്വപ്നങ്ങളെല്ലാം തകര്‍ന്നാലോ
സ്വാന്തനമേകും കണ്ണീര്‍മഴ
ഉറങ്ങാത്ത രാവുകളിലെല്ലാം 
ഉറ്റമിത്രമായിയെത്തും  രാത്രിമഴ
മക്കള്‍ കൂട്ടായിയെത്തീരുമ്പോള്‍
അമ്മയ്ക്കു  അവരേകും ചിരിമഴ
കണ്മണികള്‍ തന്‍ കൊഞ്ചലുകള്‍
കാതിനു അതിന്നൊരു തേന്‍മഴ
കണ്ണനെന്‍ ചാരത്തണയുമ്പോള്‍
കേള്‍ക്കും ഓടക്കുഴലിന്‍ രാഗമഴ
ജനലോരം തിങ്കള്‍ക്കലയെത്തുമ്പോള്‍ 
എന്നിലാകെ നിറയും പൂനിലാമഴ
ജീവിതം പ്രിയമേറും ഒരു മധുരമഴ
ഓര്‍മ്മകള്‍ തോരാത്തൊരു  പെരുമഴ
ചിന്തകളില്‍ നീ എത്തിയ ദിനമറിയില്ല
ഇന്നെന്‍ മനസ്സിനു കുളിര്‍മഴ
മറക്കാതെ എത്തിടാമോ കുഴിമാടത്തിങ്കലും
തീര്‍ത്ഥം തളിച്ച്‌  ശുദ്ധി വരുത്തുവാന്‍
അന്നുഞാനെത്തും മറ്റൊരു ലോകത്തില്‍
കൂടെയണഞ്ഞാല്‍ പറയാം  ഒരു സ്വകാര്യം

Friday, January 11, 2013

കിളിക്കൊഞ്ചല്‍

കാണുവാനേറെ കൌതുകമേറുമാ-
കിളികളോടെനിക്ക് അസൂയ മാത്രം
കണ്ണിനു കുളിരേകും രൂപമാണല്ലോ
കാതിനിമ്പമേറും സ്വരമാണല്ലോ
നോക്കിയിരിക്കാനെന്തുരസമാണവ
നിറമോലും ചിറകുവീശി പറക്കുംനേരം
പറന്നുപോകാമെവിടേയ്ക്കെങ്കിലും
ഭോജനത്തിനായി മത്സരിക്കാം
ഭാവിയിലേയ്ക്ക് വേണ്ടൊരു സമ്പാദ്യവും
പരാതിയൊന്നും പറയുവാനില്ല
ചിറകുവിരിക്കാന്‍ മതിയല്ലോ ശിക്ഷണം
പറന്നകലാം പിന്‍ഗാമികള്‍ക്ക് യഥേഷ്ടം
പിന്തിരിഞ്ഞുനോക്കിയില്ല മക്കളെന്നു
പരിഭവമോതുകയില്ലാരോടും
ജീവിതിത്തിന്‍പാതയിലിന്നുഞാന്‍
ജനിച്ചുവല്ലോ ഒരു പക്ഷിയായി വീണ്ടും
കതിരിനുവേണ്ടി കൂട്ടുകാര്‍ക്കൊപ്പം
കാതങ്ങളോളം പറക്കുന്നു ദിനവും
മനസ്സിന്നൊരു നീലവാനംപോലെ
പറവകളായെത്തീയൊരുപാടുപേര്‍
നിദ്രയിലെന്നാകാശത്തിനൊരുപാടുഭംഗി
ഓര്‍മ്മകളെല്ലാമിന്നു പറവകളായെത്തുമല്ലോ