Monday, July 29, 2013

സൂരൃശാപം


ആകാശകൂടാരത്തിലൊളിമിന്നും താരമേ
അവനിയിലെ ജീവന്റെ ഉറവിടമേ
നീര്മണിയില് തെളിയും മഴവില്ലേ
നിഴലായി കൂടെവരുന്നതും നീയല്ലേ
കാര്മേഘത്തിനുള്ളില് ഒളിക്കുന്നതെന്തേ
കത്തിപ്പടരും കോലാഹലമിതു കണ്ടിട്ടോ
ഊര്ജ്ജം നല്കിടാമെന്നോതീ ചിലര്
ഊര്ജ്ജിതമായി നടത്തീ തട്ടിപ്പുകള്
നാടുനന്നാക്കുവാനായി മുന്നിട്ടിറങ്ങിയവര്
നന്മതന് പാഠമതു മറന്നുപോയി
നടനമാടും മിഴികളില് മയങ്ങിപ്പോയി
നര്മ്മസല്ലാപങ്ങളില് മുഴുകിപ്പോയി
ജനസമ്മതി നേടിയ നേതാക്കളോ
മൌനസമ്മതത്തോടെ വാങ്ങി ലക്ഷങ്ങള്
കീശയില് നിന്നും കാശുപോയവര്
വാശിയോടെ നിരത്തുന്നു ആരോപണങ്ങള്
ചങ്ങലതന് കണ്ണികള് പോലെ നീളേ
ചേര്ന്നു നില്ക്കുന്നു നായികാനായകന്മാര്
കുത്തഴിഞ്ഞ ചില ജീവിതനാടകങ്ങള്
കുറ്റസമ്മതത്തില് തെളിഞ്ഞതരുംകൊലകള്
തെളിവെടുപ്പുകള് പലതു നടന്നാലും
തേഞ്ഞുമാഞ്ഞുപോകുമിതും പതിവുപോല്
ചേതനയെ തൊട്ടുണര്ത്തും അരുണരശ്മികള്
ചാരമാക്കിമാറ്റിയെങ്കിലെല്ലാമൊരു നിമിഷം
അതുനിനക്കാകുമോ ചിന്തയിലാണ്ടു ഞാന്
ആഴങ്ങളിലെന്നേ അലിഞ്ഞൊരു ബന്ധമല്ലേ
അവളെന്നും നീ വരുന്നതും കാത്തിരിപ്പല്ലേ
പുലരികളികളില് കുങ്കുമം ചാര്ത്തിനില്ക്കും
പുതുമഴയില്  തളിരണിഞ്ഞു നിന്നിടും
മൂകമാം നിന്നനുരാഗപരാഗങ്ങള് പരക്കും
മൂവന്തിയിലുമൊരു ദേവമനോഹരിയല്ലേ
ശപിക്കുവാനാകില്ല ഒരിക്കലുമെന്നറിയേ
ശുഭമാകുമെന്നോര്ക്കയോ നിന്നന്തരംഗം.

മോഹങ്ങള്

ഇളവെയിലേറ്റു തിളങ്ങിനിന്നു
ഇലച്ചാര്ത്തിലൊരു ജലബിന്ദു
വീണുടയും മുമ്പൊരു മോഹം
വൈരക്കല്ലുപോല് മിന്നുകയില്ലേ
നിലം പതിച്ചു വീണ്ടുമൊരു
നീര്ത്തുള്ളിയായി ജനിക്കുമോ ഞാനും

മിഴിനീരിലലിയും കിനാവുകള് പോലെ
മഴയേറ്റു പൊഴിയുന്നു മൊട്ടുകള്
മണ്ണോടുചേര്ന്ന മോഹങ്ങളെല്ലാം
മറ്റൊരു ജന്മത്തില് പൂത്തിടുമോ
പുലരുമല്ലോ വസന്തമിനിയുമതിലൊരു
പൂവായി വിടരുമോ ഞാനും

പൊന്നോടക്കുഴലിന് രാഗങ്ങളോ
പണ്ടേ മറന്നൊരാ മോഹങ്ങളോ
പെയ്തുതോരാത്തൊരാ കണ്ണീരോ
പാതിമയക്കത്തില് ഉണര്ത്തിയതാരോ
മോഹങ്ങളൊക്കെയും മൌനത്തിലൊളിപ്പിച്ചു
മോക്ഷത്തിന് പാത തേടുന്നു ഞാനും

നിന് വിളി കേട്ടുണരുന്നു ദിനവും
നിന്നെയോര്ക്കാതെ ഉറങ്ങീലൊരു നാളും
നീലസാഗരത്തില് മറയുമൊരു അരുണനെപ്പോലെ
നീയെന്റെയുള്ളില് പതിഞ്ഞുവല്ലോ നീലക്കാര് വര്ണ്ണാ
നീറുന്നൊരീ നൊമ്പരങ്ങളും നെഞ്ചിലേറ്റി
നിന് നടയില് മൂകം നില്ക്കുന്നീ ജന്മം ഞാനും