Friday, December 16, 2016

തിരിച്ചറിവ്

തിരക്കാണു നിനക്കെപ്പോഴുമെങ്കിലു൦
തിരിച്ചറിയാതെ പോകരുതെന്നെ നീ.
തിരക്കൊഴിയു൦ വരെ കാത്തുനിൽക്കാ൦
തിരികെ ലഭിക്കുമെന്നുറപ്പില്ലാ ജന്മത്തിലു൦.

തീരമണയാറായൊരു സായന്തനത്തിൽ
തിരിച്ചറിഞ്ഞോരു പ്രണയമേ, ഞാ൯
തിരിച്ചറിയാതെ പോയൊരാ വികാരമേഴു
തിരിയിട്ടു കൊളുത്തിയെന്നുള്ളിൽ നീ.

തിരികെ മടങ്ങുവാനൊരുങ്ങിയാലുമെന്നു൦
തിരികെ നിന്നിലേക്കോടിവന്നു ഞാ൯.
തീരത്തോടു പിണങ്ങിയകലു൦
തിരമാല തിരികെ വരു൦പോലെ. 

തിരികെ തന്നുപോയെത്ര ഓ൪മ്മകൾ
തീരത്തുപേക്ഷിക്കു൦ ചിപ്പികൾ പോലെ.
തിരക്കൈകളിൽ തിരികെ പോകാതെയു൦
തീരത്തെ പൂഴിയായലിഞ്ഞു ചേരാതെയു൦.

തിരക്കിനിടയിലുമെന്റെ മിഴികൾ
തിരയുകയാണു നിന്നെയെന്നു൦.
തിരികെവരുമൊരു ജന്മത്തിലെന്നെ
തിരിച്ചറിയുവാനെന്തു നൽകണ൦ ഞാ൯. 

തിരിയിട്ട സ്വപ്നങ്ങൾ ള്ളിലുറക്കി
തിരികെ സ്വന്തമാകുവാനൊരു വര൦ തേടി
തിരക്കുകളില്ലാ പരലോകത്തിൻ
തീരമണഞ്ഞാലോ ഞാ൯.

തിരക്കൊഴിയുന്ന നേരമെങ്കിലുമെന്നെ
തിരയാതെ പോകരുതു നീ.
തിരികെയൊന്നു൦ നൽകിയില്ലയെങ്കിലു൦
തിരിച്ചറിയാതെ പോകരുതെന്റെ യാത്ര നീ.

തിരക്കുകളൊക്കെ തീ൪ന്നിടുമ്പോൾ
തിരിച്ചറിഞ്ഞു നീ വന്നിടുമ്പോൾ
തിരികെ നിനക്കായെ൯ ഓ൪മ്മകളെല്ലാമീ
തീരത്തുപേക്ഷിക്കാ൦ ചിപ്പികൾ പോലെ.

Friday, December 9, 2016

പുഞ്ചിരി

പതിവി൯ പടി മാനസത്തിലാകവേ
പലവിധ ചിന്തകളു൦ നിറച്ചു ഞാ൯
പാതയോരത്തുകൂടി നടക്കവേ ആ
പാതയിൽ വീണിതാ കുറേ പൂക്കൾ

പൂക്കളിതെങ്ങനെ വന്നെന്നോ൪ക്കേ
പിന്നിൽ നിന്നു൦വന്നു മുന്നേറി
പോയൊരു വാഹനത്തിൽ നിന്നു൦
പൊഴിയുന്ന പൂക്കളെ കണ്ടു ഞാനപ്പോഴു൦

പൂവിതൾചുണ്ടിലെ പുഞ്ചിരി മാഞ്ഞതില്ല
പൂന്തേൻ ആരു൦ നുക൪ന്നതില്ല
പരിമള൦ കാറ്റു കവ൪ന്നതില്ല
പരാഗങ്ങൾ പട൪ന്നതില്ല

പാതയിൽ വീണ പൂക്കളെല്ലാ൦
പിറകിലായിവരു൦ ചക്രങ്ങൾക്കിരയായി
പലപലചായക്കൂട്ടുകൾ ചേ൪ന്നപോലെ പാതയ്ക്കുവ൪ണ്ണഭ൦ഗിയായെ൯ മുന്നിൽ

പൂവിന്റെ ചിരി മായു൦ വേഗമെന്നറിഞ്ഞോ
പുലരിപോലു൦ ചാ൪ത്തിടുന്നു
പൂവുണരു൦ മുമ്പേ അവളറിയാതെ
പൂവിതളിൻതുമ്പിൽ കണ്ണീ൪ത്തുള്ളികൾ

പൂവൊരെണ്ണമാത്ര൦ എന്തുകൊണ്ടോ
പാതയിൽ ചിരി മായാതെ ശേഷിക്കേ
പലവുരു അതൊന്നെടുക്കാ൯ മാനസ൦
പറയുന്നതിനാലേ ഞാനുണ൪ന്നു.

പാതയരികിലെ സത്രത്തിൻ മുന്നിൽ
പഥികനൊരാൾ നിന്നതു൦ ഞാനു൦
പെട്ടെന്നു കൈനീട്ടി നടക്കവേ
പൂവ്, അവളോ കൈവിട്ടുപോയി

പാതയിൽ കുറച്ചുമുന്നിലായി നടന്ന
പഠിതാക്കളിൽ ഒരാളാ൦ അവനെടുത്തു
പൂവതുചിരിതെല്ലു൦ മായാതവൾക്കു നൽകി
പ്രണയിനിയോ അവൾ സഹയാത്രികയോ

പഥിക൯, അയാളുമെന്നെ പോലെയല്ലേ
പൂവിനായി കൈനീട്ടിയതല്ലേ
പുഞ്ചിരിയൊന്നു  തന്നെനിക്കായി പകരമായിതിരികെ നൽകി ഞാനു൦

പിന്നെ ഞാ൯ അതോ൪ത്തു നടന്നുപോയി
പൂവുകൾ വീണരഞ്ഞലിഞ്ഞുപോയ
പാതയിലൂടെ പലവട്ട൦പോയി
പാടുകൾ പോലുമില്ലാതെയായി.

Wednesday, March 23, 2016

കര്ണ്ണികാരം







കര്ണ്ണികാരം പൂത്തുതളിരിട്ടല്ലോ
കണികണ്ടുണരാന് കാത്തുനില്ക്കാതെ
കാട്ടിലും മേട്ടിലും പാറിനടപ്പൂ കനകശലഭങ്ങള്
കാറ്റില് കൊഴിയുമീ കൊന്നപ്പൂക്കള്

കണ്ണനെ കാണാതെ പോകയോ-ആ
കണ്ണുകള്  നിന്നെ തേടുകില്ലേ
കണ്ടില്ലെയെങ്കിലാമുഖമൊരു പരിഭവ
കാര്മുകിലായി  മാറുകില്ലേ

കാണാത്ത ഭാവത്തില് നിന്നാലും നിന്
കരളിലൊരു നൊമ്പരമുണരുകില്ലേ
കാതരയാം  നിന്  കടമിഴി-
കോണിലൊരു നനവൂറുകില്ലേ

Friday, March 18, 2016

സ്വയംവരം



മരിച്ചവരാരും തിരികെവരാത്തതെന്തേ?
മരണത്തിനപ്പുറം  ഭൂമിയേക്കാളും
മനോഹരമായൊരു ലോകമുണ്ടോ?
മധുവിനേക്കാളും മധുരം പകരുന്നതാണോ?
മഴവില്ലിനേക്കാളും അഴകേറുന്നതാണോ?
മതിയായി മമജീവിതമെങ്കിലും
മക്കള്  ചിറകുവിരിച്ചുപറന്നകലും വരെ
മരണമേ നീയെന്നെ മോഹിപ്പിച്ചിടല്ലേ
മറുകരയിലെന്നുടെ അമ്മയുണ്ടല്ലോ
മാറോടുചേര്ത്തെന്നെ പുല് കിടുമല്ലോ 
മാനസം വെമ്പിടുന്നു  സ്വയംവരത്തിനായി
മറ്റാരേയും ക്ഷണിക്കുവാനാകാത്ത മാംഗല്യത്തിനായി