Monday, May 20, 2013

മയിൽ‌പ്പീലി


മാനം കാണാതൊളിച്ചിരുന്നൊരാ മയിൽ‌പ്പീലി
മണിവേണുഗായകനെ  തേടിയലഞ്ഞു
വർണ്ണങ്ങളെല്ലാം  എങ്ങോമാഞ്ഞുപോയി
വർഷങ്ങളെത്രയോ  കൊഴിഞ്ഞുപോയി
വാർമുകിലെങ്ങുനിന്നോ പാറിവന്നു
വന്നുചേർന്നല്ലോ മനസ്സിലൊരു മയൂരം
വെന്തെരിയും വേനലിനുമീതേ  മെല്ലെ
വീഥിയിലാകെ വിടർന്നു വർണ്ണക്കുടകൾ
വീണുകരിഞ്ഞൊരാ വാകതന്നിതളുകളിൽ
വേർപെടുമാത്മാവിൻ  തേങ്ങലുകൾ 
അഴൽ  മൂടിയോരു  അകതാരിൽ 
അറിയാതെ പകർന്നുപോയി അരുണിമ
കാണുമ്പോൾ ഒളിമിന്നുമൊരു തിളക്കം
കണ്ണുകളിൽ ഓടിമായുമൊരു തിരയിളക്കം
കദനങ്ങളാൽ മറഞ്ഞൊരു  നുണക്കുഴി
കവിളിൽ വീണ്ടും  തെളിഞ്ഞുവോ 
കിനാവിൽ വിരുന്നുവന്നൊരു കാർവർണ്ണനോ
കാരണമെന്തെന്നു തിരക്കി ഞാനലഞ്ഞു
നിൻ തിരുനടയിൽ  കൈകൂപ്പി
നിത്യവും നിൽക്കുവാൻ നേരമില്ലല്ലോ
നെഞ്ചിൻകൂടിനുള്ളിൽ   ഉണ്ടല്ലോ
നീലപ്പീലിചൂടിയ മഞ്ജുള രൂപം
നെറ്റിയിലെന്നും ഞാൻ ചാർത്തിടും
നറുംചന്ദനത്തിൽ നിൻ സാമീപ്യമില്ലേ
എങ്കിലും നീയതറിഞ്ഞതിൻ ഭാവമില്ലല്ലോ
ഇനിയും പലപല ജന്മങ്ങൾ വേണമോ ?

Saturday, May 18, 2013

പന്തയം


കളിയിലൽപ്പം കാര്യമുണ്ടെന്നു കണ്ടില്ലേ
കണ്മുന്നിലെ പാഠമതു  ചൊല്ലുന്നില്ലേ
പന്തുകളിയെന്നു കേട്ടാലുടനെ എത്തിടും
പന്തയം പുറകെ  പാഞ്ഞുവന്നിടും
മീശയോ പകുതി വടിച്ചുകൊള്ളാം
മുടിയോ മൊത്തം  മുറിച്ചുകളയാം
മടിക്കുത്തിലെ പണമത്രയും തന്നിടാം
മുന്നിൽ നിരത്തുന്നു വാഗ്ദാനങ്ങൾ
ആരു ജയിക്കും ആരു തോൽക്കും
അതുമുൻപേ  ഉറപ്പിച്ചതാരറിഞ്ഞു
അച്ഛനോ അവധിയെടുത്തു ,മകനോ
പള്ളിക്കൂടത്തിൻ പടി ചവിട്ടുന്നില്ല
പാവങ്ങളെല്ലാം കാഴ്ചപ്പെട്ടി നോക്കാൻ
പതിവുശീലങ്ങളെല്ലാം  പാടേ മാറ്റിവച്ചു
അമ്മയ്ക്കു  പിടിപ്പതു പണിയുണ്ടല്ലോ
അടുക്കളയിൽ  അന്നമൊരുക്കണ്ടേ
ഉണ്ണാതെ ഉറങ്ങാതെ കാണുന്നെല്ലാം
അവസാനരംഗത്തിനായി കാത്തിരിക്കുന്നു
ആഞ്ഞെറിയുന്നു പന്തൊരുവൻ
അടിച്ചുതെറിപ്പിക്കുന്നു മറ്റൊരുവൻ
പന്തിൻ പുറകേ പായുന്നു മറ്റുള്ളവർ
പതിനായിരങ്ങൾ അതുകണ്ടു രസിച്ചവർ
അനുമോദനങ്ങൾ അനവധി കൊടുത്തു
അവരെ നാടിന്നഭിമാനമെന്നോതി
ആഹ്ലാദിച്ചാർത്തുവിളിക്കുന്നു  ജനം
അണിയറയിലെ കഥകൾ ആരറിഞ്ഞു
പിന്നെയോ പുറത്തായല്ലോ പൂച്ചെല്ലാം
പിഴച്ചതെവിടെന്നു  കണ്ടറിഞ്ഞു
കീശയിൽ പൂഴ്ത്തിയതോ ലക്ഷങ്ങൾ
കളിച്ചതോ വെറും കള്ളക്കളി
കൈയ്യടിച്ചെതിരേറ്റവർ കണ്ടുഞെട്ടി
കൈവിലങ്ങുമായി നിൽക്കുന്നു വീരൻ
അഴിമതിക്കഥകൾക്കിതൊരു  മുതൽക്കൂട്ട്
അതിലിതു മലയാളത്തിൻ ചെറുസമ്മാനം
വഴിമാറി പോകാമിനിയും വരുമല്ലോ

വരിവരിയായി പുതിയ വീരഗാഥകൾ