Tuesday, May 5, 2015

പരീക്ഷ


പരീക്ഷയുടെസിലബസ്...ഇന്‍ഡ്യ,കേരളം,ജനറല്‍സയന്‍സ്,സാമൂഹ്യക്ഷേമപദ്ധതികള്‍,ഭരണഘടന,ഇംഗ്ളീഷ്,കണക്ക്, മാനസികശേഷി,കറന്‍റ് അഫയേഴ്സ്,കമ്പ്യൂട്ടര്‍....എന്നോടൊപ്പം പരീക്ഷയെഴുതുന്ന എല്ലാവര്‍ക്കുമായി.......

പരീക്ഷവന്നു  തലയില്‍ക്കയറി
പഠിച്ചതെല്ലാം മറന്നുപോയി
പണ്ടേയാരോ പാടിയിട്ടുണ്ടേയിന്നു ഞാനും
പരീക്ഷയൊരു പരീക്ഷണമാകല്ലേ എന്റെ കൃഷ്ണാ

ഭാരതമെന്റെ ദേശമാണെങ്കിലുമവളുടെ
ഭാരം താങ്ങാനാവാതെ തളരുന്നു 
പര്‍വതങ്ങളില്‍ കയറിയും നദികളിലൊഴുകിയും  നടന്നൂ
പരദേശികള്‍ തീര്‍ത്ത തടവറയും സ്വാതന്ത്ര്യദാഹവും കണ്ടൂ

പണ്ടുതൊട്ടേ എനിക്കിഷ്ടമല്ലേ ദൈവത്തിന്റെ സ്വന്തമല്ലേ
പച്ചയുടുപ്പിട്ട  സഹ്യനും നിളയുടെ പഞ്ചാരമണല്‍ത്തിട്ടകളും
കടല്‍ത്തീരവും കായലും കയറും കെട്ടുവള്ളങ്ങളും പിന്നെ
കണ്ണിലിരുട്ടുപരക്കുംവരെ വായിച്ചാലുമുറയ്ക്കാത്ത രാഷ്ട്രീയവും

പുനര്‍ജന്‍മത്തിന്‍ കെട്ടുകഥകള്‍ക്കുമപ്പുറം  വാനില്‍
പുലരിയായി പൌര്‍ണ്ണമിയായി ഉദിക്കും പ്രപഞ്ചരഹസ്യങ്ങളും
പരിസ്ഥിതിപാലനത്തിനാഘോഷിക്കും ദിനങ്ങളും ജീവന്റെ
പരിണാമത്തിനുതെളിവാകും ശാസ്ത്രങ്ങളും മുന്നിലുണ്ടല്ലോ

വികസനത്തിന്റെ പേരിലെത്തും പദ്ധതികളെല്ലാം
വിടരുംമുമ്പേ അഴിമതിയില്‍മുങ്ങിക്കൊഴിയുന്നല്ലോ
മാറിമാറിയെത്തും ഭരണചക്രങ്ങളില്‍
മാഞ്ഞുപോകുമീ സാമൂഹ്യപാഠങ്ങളും പഠിക്കണം

ഭരണപരിപാലനത്തിനെഴുതിയ വരികള്‍
ഭരിക്കുന്നവര്‍ക്കറിയാത്ത ചട്ടവരിയോലകള്‍
ചവയ്ക്കാതെ വിഴുങ്ങങ്ങിയതിനാലോ ഉള്ളില്‍
ചവറുപോലെ ദഹിക്കാതെ കിടപ്പൂ

അവസാനനിമിഷത്തിലെന്‍ മാതൃഭാഷയെ പിന്നിലാക്കി
അളവുകോലായല്ലോ ആംഗലേയമേ നീയെന്നാകിലും
അടുത്തെത്തുമ്പോള്‍ ചോര്‍ന്നുപോകുന്നു ധൈര്യം
അറിയുന്തോറും അകലത്തുതന്നെ നില്‍പ്പൂ ഞാനിന്നും

കൂട്ടുകാരൊക്കെയും അകന്നുപോയി കണക്കുമായി
കള്ളനും പോലീസും കളിമാത്രമായി
തലപുകച്ചിട്ടുമുത്തരം കാണാത്ത , മനസ്സിന്റെ
താളം തെറ്റിക്കുമീ മാനസികശേഷിപരിശോധനകള്‍

പുത്തനാം കാര്യങ്ങളെല്ലാം അറിയേണമടുക്കിവെയ്ക്കേണം
പത്രത്താളുകളിലെന്നോ കണ്ടതെല്ലാം മിനുക്കിവെയ്ക്കേണം 
കളിയരങ്ങുകളുമധികാരക്കൈമാറ്റങ്ങളും പുരസ്ക്കാരങ്ങളും
കലാപങ്ങളും കണ്ണുനീര്‍ പടര്‍ത്തിയ കാഴ്ചകളും

ആധുനികയുഗത്തിന്‍ പര്യായമാം കമ്പ്യൂട്ടര്‍പ്പെട്ടിയും
അതിനുള്ളിലെ റാമും റോമും അനവധി മെമ്മറികളും
പരീക്ഷകഴി‍ഞ്ഞാല്‍, പരാജയമണഞ്ഞാലെന്നുടെ മെമ്മറിയെ
പരിധിക്കുപുറത്താകാതെ കാത്തിടേണേ എന്റെ കൃഷ്ണാ...........