Tuesday, October 21, 2014

അനുരാഗം

ഭൂപാളം പാടിയുണര് ത്തും കുടമണി കേട്ടിട്ടോ
പുല് ക്കൊടിത്തുമ്പില്  വിടരും പുഞ്ചിരി കണ്ടിട്ടോ
ഭൂമിതന്  മാറിലൊരു സ്നേഹപരാഗം
പൂവിട്ടൂ പുലരിയിലൊരു കുങ്കുമരാഗം

മിഴികള്  നിറയ്ക്കുമെന്  മഴക്കാലങ്ങള് ക്കു
മഴവില്ലഴകേകി   നിന്  മൊഴികള്
മുകിലിന്നിടയില്  കണ്ണാരംപൊത്തീക്കളിചൂ നമ്മള്
മാനസകിളിവാതിലിലെന്നോകണ്ടൂ  ഒരുമിന്നായം

മരതകപ്പട്ടെല്ലാമഴിച്ചു വാങ്ങീ  ശിശിരം
മൂടല് മഞ്ഞിലെന്  മേനി കുളിരുന്ന നേരം
മാമരങ്ങള് ക്കിടയിലൂടെ തഴുകുന്ന വെയില് നാളം
മെല്ലെയുരുകുകയായി ഹൃദയം പകരുകയായി മധുരം

ശാരദനിലാവില്  ഒരുനാളും ഉറങ്ങീലവള്
ശരമാരി പോലെ പെയ്തിറങ്ങി നിന്നോര് മ്മകള്
പൂങ്കിനാവിന്  തോണി തുഴഞ്ഞെങ്ങോ പോയി
പൂങ്കോഴി കൂകും വരെയെല്ലാം മറന്നുപോയി

മോഹങ്ങളെല്ലാം തളിരണിയിചൂ  ഹേമന്തം
മലരായമലരിലെല്ലാം തേന്  നിറച്ചൂ വാസന്തം
വേനലിലേറിടുന്നൂ നിന്  കോപവും താപവും
വേഴാമ്പലായി തേടിടുന്നൂ മാരിമുകില് മാലകള്

അഴലിന്നരുവികളെല്ലാം ചേര് ന്നൊഴുകി
ആഴക്കടലായി നെഞ്ചിലൊരു ആഴക്കടലായി
നിശ്ശബ്ദം  മറയുന്ന  സൂര്യന്  പകരുമീ  ചാരുത
നീറുമൊരു കനലായി എന്റെയുള്ളിലൊരു തീക്കനലായി

തിരക്കൈകളിലേറി പോയി നീ, ഇരുള്  വന്നുമൂടിയിട്ടും
തിരയുന്നൂ ഞാന്  തിരിഞ്ഞുകൊണ്ടോരോ നിമിഷവും
അകലെ മാനത്തിനിയും വരുകില്ലേ
ആഴിയിലെന്നും മുത്തുകള് തേടും അനുരാഗമേ എന്നനുരാഗമേ