Wednesday, February 20, 2013

വര്‍ണ്ണങ്ങള്‍


സിന്ദൂരപ്പൊട്ടണിഞ്ഞെത്തിയല്ലോ പുലരി
നിറമേഴുംചാര്‍ത്തിയല്ലോ മഞ്ഞിന്‍മുത്തുമാലകള്‍
പ്രഭാതത്തില്‍ മുന്നിലണയും വര്‍ണ്ണങ്ങള്‍
പ്രതീക്ഷകളായി മാറും ഇന്ദ്രജാലങ്ങള്‍
രജപുത്ര ധീരതതന്‍ പ്രതീകമോ
രക്തത്തിലലിഞ്ഞുചേരും പ്രണയവര്‍ണ്ണമോ
ചെവിക്കു പിന്നിലെ ചെമ്പരത്തിപ്പൂവാം
ചുവപ്പിലുണരുന്നത് ചിത്തഭ്രമമോ
ചിതറിക്കിടപ്പൂ മനസ്സിനുള്ളിലിന്നും
ചന്തമേറും  മഞ്ചാടിമണികള്‍ 
മോഹിപ്പിക്കും കനകത്തിന്‍ നിറമല്ലേ 
മോഹിനിയായിമാറുമൊരു കണിക്കൊന്നയല്ലേ
മഞ്ഞച്ചരടില്‍ കോര്‍ക്കുന്നതു മനസ്സുകളല്ലേ
മരണകാലംവരെ കൂട്ടാകുമെന്നൊരു വാക്കല്ലേ
ആരിലും ഉണര്‍വേകും ഹരിതഭംഗി
കഥയായി മറുന്നതെത്ര വേഗം
മരുഭൂവിലൂടെ ഓടിത്തളരുമെനിക്കൊരു
തണല്‍വൃക്ഷം കാണാനിനിയെത്ര ദൂരം
നീലവാനിലെ വെണ്‍മേഘപ്പറവകളോ 
പാല്‍നുരചിതറും സാഗരത്തിരകളോ
കണ്ണനു പ്രിയമാം മയില്‍പ്പിലിക്കണ്ണുകള്‍
ചാലിക്കുന്നെന്‍  മിഴികളിലുമിത്തിരി നീലം
നിശയിലുണരും പൂവുകള്‍ക്കെല്ലാം
നിലാവുതോല്‍ക്കും വെണ്‍മയല്ലേ
നട്ടുവല്ലോ ഞാനുമൊരു നിശാഗന്ധി
പൂവിടുംനാളെനിക്കൊരു ശിവരാത്രിയാകുമല്ലോ
കറുപ്പിനേഴഴകെന്നു ചൊല്ലിയതാരോ
കണ്ണിനെ കടലാക്കും വേദനകളും
കരിങ്കൊടിയില്‍ തെളിയും പ്രതിഷേധവും
കാണാതെപോകും മനസ്സും കറുത്തതല്ലേ
വെള്ളരിപ്രാവുകള്‍ സാക്ഷികളായിട്ടും
വര്‍ണ്ണവിവേചനങ്ങള്‍ ഒടുങ്ങാത്തതെന്തേ
കനവില്‍ കാണുന്നുണ്ടെന്നും പുതുനിറങ്ങള്‍ 
പേരറിയില്ലയെങ്കിലുമെത്ര മനോഹരം
മനതാരിലുണ്ടൊരു മോഹത്തിന്‍ വില്ല്
മധുരസ്മരണകള്‍തന്‍  വാര്‍മഴവില്ല് 

Friday, February 15, 2013

സൂര്യനെല്ലികള്‍


സൂര്യകാന്തികള്‍ പോല്‍ തഴച്ചുവളരുന്നതെന്തേ
സൂര്യനെല്ലികള്‍ നമുക്കുചുറ്റുമിത്ര വേഗം
വെളിച്ചം തരേണ്ടവനല്ലോ സൂര്യന്‍
വെണ്ണീറായി മാറ്റുന്നല്ലോ നിന്‍ കിരണങ്ങള്‍
ആശ്രയത്തിനായി കേഴുമവരുടെ
വാക്കുകള്‍ കേള്‍ക്കാത്തതെന്തേ നീതിപീഠം
കണ്ണുകളെന്നേ കറുത്തതുണിയാല്‍ മറച്ചതല്ലേ
കാതുകള്‍ക്കിതെല്ലാമിന്നു അരോചകമല്ലേ
അവസാനം തുണയാകേണ്ട മകളോ
അകാലത്തിലെ കൊഴിയുമൊരു മുകുളം
അന്നത്തിനായി പണിചെയ്തിട്ടു
അന്തിക്കു മടങ്ങുവളുടെ കാലുകളിടറുന്നു
ആകാശത്തമ്പിളി ഉദിയ്ക്കുമ്പോള്‍
അവളുടെ മിഴികളില്‍ തെളിയുമൊരു ഭയം
തിക്കിലും തിരക്കിലും ഊളിയിട്ടെത്തും
തീക്ഷ്ണമാം നോട്ടങ്ങളെ നേരിടാനില്ല ധൈര്യം
നിലാവില്‍ ഒഴുകിപ്പരക്കും  നിലവിളികള്‍
കാറ്റില്‍ അലിഞ്ഞുചേരും അലമുറകള്‍
മനസ്സിലെ മുറിവുകള്‍ ഉണങ്ങില്ലൊരിക്കലും
മടിയാതെ കൂട്ടിനെത്തുമൊരു   മതിഭ്രമം
മുറിവേറ്റു പിടയുമവരുടെ അന്ത്യത്തിനായി
മുറവിളി കൂട്ടുകയോ ഈ ലോകം
ആലംബമില്ലാത്തവര്‍ നീട്ടും കരങ്ങള്‍
ആരും കണ്ടില്ലെന്നു നടിക്കുന്നതോ
കാലാതീതമായി കണ്ട പ്രണയമിന്നു
കുറുക്കന്റെ വെറും കൗശലങ്ങള്‍ മാത്രമല്ലേ
അഗ്നിയാണെന്നോര്‍ക്കാതെ അടുക്കും
ശലഭങ്ങളെല്ലാം ചിറകുകരിഞ്ഞുവീണിടുന്നു
ആരുമറിയാതുള്ളില്‍ പേറിടുന്നെല്ലാം ചിലര്‍
അവര്‍ക്കു ജീവിതം നീറിടുന്നു  ഉമിത്തീപോല്‍
അമര്‍ത്തിവെയ്ക്കും കനലുകളെല്ലാമൊരുനാള്‍
അഗ്നിപര്‍വതം പോലെ ഉരുകിയൊലിക്കില്ലേ
ആര്‍ഷഭാരതമെന്നു ഊറ്റം കൊള്ളുന്നവരേ

ആദ്യമറിയണം നാരിയെന്ന പദത്തിന്നര്‍ത്ഥം 

Tuesday, February 12, 2013

പൂമാല

പൂമാല

പൂവുകള്‍ക്കു  സ്ഥാനമില്ലാ മനസ്സിന്നുള്ളില്‍
വിടരുകയില്ലൊരിക്കലും സ്നേഹമലരുകള്‍
പുഞ്ചിരിയോടെ പടിവാതിലിലെത്തും
അതിഥിയ്ക്കും കൊടുക്കുമൊരുപിടിപ്പൂക്കള്‍
കല്യാണത്തിനു കൈമാറും പൂച്ചെണ്ടുകള്‍
കുഴിമാടത്തിലും കൂട്ടാകും പുഷ്പചക്രങ്ങള്‍
വര്‍ണ്ണമോ സുഗന്ധമോ തിരിഞ്ഞില്ല ഞാന്‍
രാത്രിയോ പകലോ വിരിഞ്ഞതെന്നു നോക്കിയില്ല
എന്നും വഴിയോരത്തു കാത്തുനില്‍ക്കും
കുഞ്ഞുപൂക്കള്‍തന്‍ മുഖമല്ലേ പ്രിയതരം
വയല്‍പ്പൂക്കള്‍ വാടാതെ നിന്നിരുന്നൊരിക്കല്‍
ഓര്‍മയിലെന്നും നില്‍ക്കും വാടാമലരുകള്‍
കടമ്പിന്‍പൂവുകള്‍ നിറഞ്ഞോരങ്കണമായിരുന്നില്ലേ
കുട്ടിക്കാലം പോലെ കാവുകളും മാഞ്ഞുപോയല്ലോ
മടിത്തട്ടിലാകെ നിറച്ചിരുന്നു ഇലഞ്ഞിപ്പൂക്കള്‍
കോര്‍ത്തണിഞ്ഞിരുന്നൊരു   ശകുന്തളയെപ്പോലെ
പുസ്തകത്താളിനും  നിന്‍ ഗന്ധമായിരുന്നില്ലേ
നാസികത്തുമ്പിലിന്നും ഓടിയെത്തുന്നെവിടെനിന്നോ
നീരാടുംകുളത്തില്‍ കള്ളനെപ്പോലെയെത്തും
കാറ്റിനു കൂട്ടായി കൊടുത്തുവല്ലോ കൈതപ്പൂമണം 
മൈലാഞ്ചിയണിഞ്ഞു നിന്നിരുന്നു വാകമരങ്ങള്‍
തണലുകളില്‍ ചേര്‍ന്നിരുന്നു കലാലയകൗമാരങ്ങള്‍
പ്രിയമോടെ കാത്തുവെച്ച  പനിനീര്‍പ്പൂവുകള്‍
കൊഴിഞ്ഞിട്ടും ബാക്കിയായല്ലോ  ജീവിതത്തിലെ മുള്ളുകള്‍
ചേറില്‍ നില്‍പ്പതെന്തേ ചെന്താമരേ നീയിനിയും
മഴവില്ലിന്‍തേരിലെത്തും ദേവനെ വരവേല്‍ക്കുവാനോ
പാല്‍നിലാവിന്‍ കുളിരുമായി ഒരാളെത്തുമെന്നു
പകല്‍ക്കിനാവുകാണുകയോ ആമ്പലുകളെല്ലാം
രാത്രിയില്‍ പൂക്കും കുടമുല്ലകള്‍
പകുതിമാത്രം വിടരും മഞ്ഞമന്ദാരങ്ങള്‍ 
കനലിന്‍ മൊട്ടുകള്‍ പോലെ രാജമല്ലികള്‍
പറമ്പിലാകെ ചിതറിയതുപോലെ തുമ്പപ്പൂക്കള്‍
മാറിമാറിയെത്തും വര്‍ണ്ണവിസ്മയങ്ങള്‍
മനസ്സിനുള്ളില്‍ തീര്‍ക്കുന്നു മറ്റൊരു ലോകം
പരിമളം തൂകിനില്‍ക്കും പാലമരങ്ങള്‍തന്‍
കിനാവുകളില്‍ പാടുവാനെത്തും ഗന്ധര്‍വനാരോ
കനകത്തിന്നാഭരണങ്ങളെല്ലാം കവരുമെന്നോര്‍ത്തോ 
കണിക്കൊന്നകളെല്ലാം പൂവിട്ടതിത്ര വേഗം
കരുതി വെക്കണമിത്തിരിയിതളെങ്കിലും  കണികാണുവാന്‍
കടന്നുപോകും മുന്‍പേ നീയെന്‍ പൂക്കാലമേ
പണ്ടുതൊട്ടേ ഇഷ്ടമാണെനിക്കെന്‍
പേരിലുറങ്ങും കാര്‍മുകില്‍വര്‍ണ്ണന്റെ ചരിത്രം
കാണുവാനേറെ ഭംഗിയില്ലയെങ്കിലും
കണ്ണനു പ്രിയം നിന്‍ കതിരുകളല്ലേ
കഴുത്തിലണിയുന്നതിന്നും കാലങ്ങളോളം നീ
കാത്തുവെച്ചൊരാ തുളസിമാലയല്ലേ 


Wednesday, February 6, 2013

മിഴികള്‍


കാണുവാന്‍ കണ്ണുകള്‍ രണ്ടുണ്ടായിട്ടും
കാണാത്തതെന്തേ ചിലതെല്ലാം
നാവിന്‍തുമ്പു തോല്‍വിയുടെ നോവറിഞ്ഞാലും
നയനങ്ങള്‍ വാചാലമാകും നിമിഷങ്ങള്‍
മനസ്സില്‍ കാണും രഹസ്യങ്ങളെല്ലാം
മൗനമായി ചൊല്ലുവാനേകിയ വഴിയല്ലേ
വേദനകള്‍ തോരാതെ പെയ്യുമ്പോള്‍
അറിയാതെ നിറയും തടാകങ്ങള്‍
മിഴികള്‍ക്കുള്ളില്‍ ഉണ്ടൊരു നിലവറ
മായാത്ത വിസ്മയങ്ങള്‍ തന്‍ കലവറ
ആലേഖനം ചെയ്യാം കാണുന്നതെല്ലാം
അകക്കണ്ണില്‍ തെളിയും വീണ്ടുമതെല്ലാം
അധരങ്ങളില്‍ പൂര്‍ണ്ണമാകും പുഞ്ചിരിതന്‍
ആരംഭവും നിന്നിലാണെന്നതു സത്യമല്ലേ
ആഴത്തിലെങ്ങോ മറഞ്ഞിരുന്നോരു
അഴലിന്‍ കണങ്ങള്‍ പൊഴിയും വീഥികള്‍
നയനാഭിരാമമാം ദൃശ്യങ്ങളൊരുക്കുന്നു ലോകം
നാളത്തേക്കുള്ളില്‍ കരുതിവെക്കാമതെല്ലാം
പുലരി വരയ്ക്കും  സിന്ദൂരരേഖകളോ
സന്ധ്യ വാനിലെഴുതും ചിത്രങ്ങളോ സുന്ദരം
ഇലത്തുമ്പില്‍ നിന്നുതിരും നീര്‍മണികളോ
നീര്‍മിഴിപ്പീലിയിലെ മുത്തുകളോ നിര്‍മലം
അടിത്തട്ടുവരെ കാണുമൊരു ജലാശയം
അനീതിയണഞ്ഞാല്‍ അഗ്നിതന്നാഴി
കണ്മുന്നില്‍ വിരിയുന്നൂ കാഴ്ചകള്‍ നൂറായിരം
കാണുവാനില്ല സമയമതിന്നാര്‍ക്കുമെന്നുമാത്രം
കണ്‍മറഞ്ഞു പോയാലും മായില്ലൊരിക്കലും
കരുണ നിറയും കടാക്ഷങ്ങള്‍ തരും മുഖങ്ങള്‍

Friday, February 1, 2013

സ്വപ്നം



അതിരുകളില്ലാത്തോരു മാന്ത്രികലോകം
ആരായുവാനാരുമില്ല ശരിയും തെറ്റും
ആനന്ദമേറെ കൈവരുമെന്നു ചൊല്ലിയതാരോ
ആശതന്‍ ചിറകിലേറിടുന്നതിദാദ്യമായി
വിഷാദങ്ങളെല്ലാം വിസ്മരിക്കാമൊരു നിമിഷം
നിറശോഭയോടെ അണയും രാവുകളില്‍
നിത്യവുമെത്തുന്നു ഒരു അമ്പിളിത്തോണി
നിലാവിന്‍ ചാരുതയോടെയെത്തും സ്വപ്‌നങ്ങള്‍
പാതിമയക്കത്തിലെത്തിയ പൊന്‍കിനാവേ
പുലര്‍വേളയായിട്ടും നീ  മായാത്തതെന്തേ
അരുണോദയത്തിലും വിടവാങ്ങാതെ
ആകാശത്തുനില്‍ക്കും തിങ്കളെപോല്‍
നെഞ്ചിലാകെ പടരുന്നു കുങ്കുമവര്‍ണ്ണം
ചാര്‍ത്തിത്തരും കരങ്ങളേതോ
കനവുകളുമായെത്തും ഉദയസൂര്യനോ
ഓര്‍മ്മകളായി മറയും അസ്തമയസൂര്യനോ
അടക്കുംതോറുമേറിടുന്നു അകതാരിലൊരു ഭയം
മുന്നില്‍ വിടരും പ്രഭാതമോ ഇരുളും പ്രദോഷമോ
പാഴ് മുളംതണ്ടിനുമുണരുകില്ലേ ഒരു  മോഹം
കണ്ണന്റെ വേണുവായൊരു ജന്മമെങ്കിലുമെന്നോ
മിഴിനീര്‍പ്പൂക്കള്‍തന്‍ ചെണ്ടാണല്ലോ കൈകളില്‍
മൗനമലരായി നീയതില്‍ വിടരല്ലേയെന്‍  സ്വപ്നമേ
നിത്യമാം ശാന്തിയില്‍ ഞാനുറങ്ങിയാലും
നീയെന്നാത്മാവിനുള്ളില്‍ ചേരും  ചിരകാലം