Wednesday, June 17, 2015

മറ്റാരും കാണാതെ.................





മഴ      മുത്തുമണിമാലകളെന്‍
മാറില്‍  ചാര്‍ത്തിത്തന്നുവല്ലോ
മറ്റാരും കാണാതെ മാലകളെല്ലാമെന്‍
മാറിലെ ചൂടില്‍ നീരാവിയായല്ലോ.

മുകില്‍      മുല്ലപ്പൂക്കളെന്‍
മുടിച്ചാര്‍ത്തില്‍ തിരുകിയല്ലോ
മറ്റാരും കാണാതെ മലരുകളെല്ലാമെന്‍
മോഹങ്ങള്‍ പോലെ കൊഴിഞ്ഞുവല്ലോ.

മധുഗാനം പാടിയെന്നോ നീയെന്‍
മാനസത്തിന്‍ വാതില്‍ തുറന്നുവല്ലോ
മറ്റാരും കാണാതെ ഗാനമെന്‍
മുരളിയിലൊളിപ്പിച്ചു വച്ചുവല്ലോ.

മറുമൊഴി ചൊല്ലിയില്ല ഞാനെന്‍
മൂകമാം ഹൃദയമൊരു മുത്തുച്ചിപ്പിയാക്കിയല്ലോ
മറ്റാരും കാണാതെ മുത്തുകളെല്ലാമെന്‍
മൌനസാഗരത്തിന്നാഴങ്ങളില്‍ വീണുവല്ലോ.

മധുരസ്വപ്നങ്ങളൊന്നും കണ്ടതില്ലയെന്‍
മിഴിനീരുമീ മഴയിലലിഞ്ഞുവല്ലോ
മറ്റാരും കാണാതെ വര്‍ണ്ണങ്ങളെല്ലാം
മന്ദം മായുമൊരു മഴവില്ലുമാത്രമല്ലേ ഞാന്‍.