Friday, April 5, 2013

തൂവലുകൾ

മാനസമാകെ നിറഞ്ഞു നിൽക്കുന്നു
കുളിരേകും  നിൻ സ്നേഹത്തൂവലുകൾ
ഉള്ളിൽ ചേക്കേറിയിട്ടെത്രയോ കാലം
ഉരിയാടിയില്ലിതുവരെ ആരോടുമീ കാര്യം
നിനച്ചിടാതെ വന്ന വിരുന്നുകാരീ
നിന്നെ അടക്കോഴിയെന്നു വിളിച്ചു
ഉമി നിറച്ചൊരു വള്ളിക്കുട്ടയും പിന്നെ
ഉത്തമമായഞ്ചാറു  മുട്ടകളുമൊരുക്കിവച്ചു
തൊട്ടുനോക്കുവാനെത്തിയ  കുട്ടികൾ
ചീറിയടുക്കുമ്പോൾ ഓടും ബാല്യങ്ങൾ
മണ്ണെണ്ണവിളക്കിൻ ഇത്തിരി വെട്ടത്തിൽ
ദിനവും കാണുവാൻ എത്തിയിരുന്നില്ലേ
മുട്ടകളെല്ലാം ചിറകിനടിയിൽ ഒളിപ്പിച്ചു
നീയും അമ്മയോടു ചേർന്നിരുന്നു ഞങ്ങളും
കുഞ്ഞിളം തൂവലുകൾക്കായി കാത്തിരുന്നു
നാളുകളെണ്ണിയെണ്ണി നോക്കിയിരുന്നു
നനുത്തരോമത്തിൻ പുത്തനുടുപ്പോടെ
അവർ അമ്മതൻ മാറിലൊളിച്ചു
പുതുലോകം കാട്ടികൊടുക്കുവാൻ
പിടികൂടിയോമനിക്കുവാൻ പിന്നാലെ
ചെന്നാലോ തുടങ്ങും നിർത്താതൊരോട്ടം
ചെറുചിരിയോടെ പുറകേ  കുസൃതികളും
കാക്കയ്ക്കുംപരുന്തിനും കൊടുക്കില്ലെന്നോതി
കാവലാളായി മാറി സസന്തോഷം
റാഞ്ചിപ്പറക്കുവാനെത്തി    ചെമ്പരുന്ത്
നിൻ കരുതൽ എത്രയോ അപാരം
ചികഞ്ഞു പെറുക്കുവാനാകും വരെ
പിരിയാതെ നിഴലായി നിന്നില്ലേ
എൻ ഹൃദയം കവർന്നു പോയി
നീയാം അമ്മതൻ കരുതലോ സ്നേഹമോ
കർക്കിടകത്തിലെ കാർമേഘങ്ങൾപോലെ
കറുത്തപുകയായി അമ്മയും മറഞ്ഞുപോയി
മിഴികൾ നനയ്ക്കുമൊരുപിടി ഓർമ്മകൾ
പറന്നകലാത്തോരാ സ്നേഹത്തൂവലുകൾ
ഉഷസ്സിലൊരു   ഉണർത്തുപാട്ടായി
ഉയരും പൂങ്കോഴിതൻ  ഗാനമേ
തൊടിയിലിന്നും തേടുന്നു നിന്നെ
ഒരു വർണ്ണത്തൂവലായി അണയുവതെന്നോ
പുലരിമഞ്ഞിൻ  മഴപോലെ നിത്യവും
പെയ്തു നനയുന്നെൻ മിഴിയോരം
പോറ്റമ്മതൻ വാക്കിൻതുമ്പിലെ മുനകളോ
മുഖത്തുതെളിയും നീരസ ഭാവങ്ങളോ
ദിനവുമേല്ക്കും മനസ്സിൻ മുറിവുകളോ
മറക്കുവാനായി പൊരുതുന്നു ഞാൻ
പത്തമ്മ ചമഞ്ഞാലും പോറ്റമ്മ
പെറ്റമ്മയാവില്ലെന്നു പഠിപ്പിച്ചു ജീവിതം
ഞാനുമിന്നൊരു അമ്മയായില്ലേ
കൂട്ടായിനിൽക്കുന്നു ഇന്നുമാ ആത്മദുഖം
നിലാവുപോൽ  പുഞ്ചിരിതൂകുമ്പോഴും
നിറഞ്ഞുതുളുമ്പുന്നെൻ  മിഴികൾ
നിസ്സഹായതയുടെ മൂടുപടമണിയുന്നു
നിശ്ശബ്ദം   സഹതപിക്കുന്നെല്ലാരും
ഒരുമാത്ര നിലയ്ക്കുമോ ഹൃദയതാളം
കേൾക്കുന്നു ഉള്ളിലൊരു മരണതാളം
തത്തയോ മൈനയോ പാറിക്കളിക്കും
എത്രയോ തൂവലുകൾ മാറിമാറിവന്നു
ഒടുവിലായി  എത്തിയല്ലോ മുന്നിൽ
നീലക്കാർവർണ്ണന്റെ  പ്രിയമേറും പീലി
ഓടിവന്നെന്റെ പരിഭവങ്ങളോതിടുവാൻ
ഒരിടവുമേകിയില്ലല്ലോ  കൃഷ്ണാ  നീ
പുസ്തകത്താളിനുള്ളിൽ  നിനക്കായി
കരുതിയ മയിൽ‌പ്പീലി കണ്ടിട്ടോ
എനിക്കായി തീർത്തതീ  ദുഖസാഗരം
നീന്തിക്കടക്കുവാൻ തുണയേകണേ കൃഷ്ണാ
തളരുമ്പോൾ നിന്നുള്ളിൽ ചേർത്തിടണേ