Friday, August 23, 2013

ഒരു കുഞ്ഞുദുഖം

തിരക്കേറുമീ നഗരവീഥിയരികില്
തനിച്ചു നിന്നിടും കുഞ്ഞുപൂവേ
ആരാമത്തെ അലങ്കരിക്കേണ്ടും നീ
അഴുക്കുചാലിന് തീരമണഞ്ഞതെങ്ങനെ
കാറ്റിന് ചിറകിലേറി വന്നുവോ
കുളിര്മഴയിലൊഴുകി വന്നുവോ
അകലെനിന്നേ കണ്ടു നിന് മുഖം
അടുത്തെത്തുവാന് മോഹിച്ചു മനം
അരികില് വന്നൊന്നു തലോടുവാന്
ആരോരുമറിയാതെ കൊതിച്ചു ഞാന്
തിരിഞ്ഞുനോക്കി നടന്നകലവേ
തിരിച്ചറിയുന്നു നിന് പരിതാപങ്ങള്
മുളയിലേ കൂട്ടുവന്ന കാഴ്ചകള്
മുന്നിലിന്നുമുയരും അജീര്ണ്ണഭാണ്ഡങ്ങള്
ചാരേ പാഞ്ഞടുക്കും ശകടങ്ങളോ
ചാര്ത്തിത്തന്നു ചേറിന് കുപ്പായം
മാനുഷരുതിര്ക്കും ഉമിനീര്ശരങ്ങള്
മുറുക്കിചുവപ്പിച്ചല്ലോ ചുണ്ടുകള്
തുഷാരമണിയേണ്ട വദനമിന്നൊരു
തുപ്പല് കോളാമ്പിയാക്കീ നവലോകം
ചിതറിക്കിടക്കും വര്ണ്ണക്കൂടുകള്ക്കിടയില്
ചിത്രശലഭങ്ങള് കണ്ടതില്ല ചാരുവര്ണ്ണം
ചവറ്റുകൂനയില് നിന്നുയരും ഗന്ധം
ചോര്ത്തിക്കളഞ്ഞല്ലോ നിന് സുഗന്ധം
പൂമ്പൊടി തേടിയാരും പറന്നുവന്നതില്ല
പടര്ത്തിയില്ലാരുമിത്തിരി പരാഗരേണുക്കള്
പരിണമിക്കുകയില്ലേ പുതുമുകുളമായി ഞാനും
പതറിനില്ക്കുന്നു പാതവക്കിലേകയായി അവളും
പാഴ്ജന്മമെന്നോര്ത്തു വിലപിച്ചീടാതെ
പകല് കിനാവിന് തേരിലേറിടുന്നു ദിനവും
അറിയാതൊടുങ്ങുമൊരു വംശത്തിന്
അവസാനകണ്ണിയാവുകയോ നീയും
നാട്ടിന്പുറങ്ങളാകെ വെട്ടിനിരത്തി
നഗരത്തൈകള് നടുന്നുവേഗം നമ്മള്
നാളേയ്ക്കായി കാത്തുവെയ്ക്കുവതെന്തോ
നാറുന്നൊരീ മാലിന്യ ക്കൂമ്പാരങ്ങള് മാത്രം