Friday, March 8, 2013

വനിതാദിനം


ഒരു വനിതാദിനം കൂടി .പ്രഖ്യാപനങ്ങളെല്ലാം മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുമ്പോള്‍ നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന്‍ എല്ലാര്‍ക്കുമറിയാം. എന്നും ഒരു പീഡനവാര്‍ത്ത‍യെങ്കിലുമില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല .വായിക്കുമ്പോള്‍ ആദ്യം മനസ്സില്‍ എന്താണ് ചിന്തിക്കുന്നത് ?എനിക്കിതൊന്നും വരുകയില്ല എന്നായിരിക്കും അവരവര്‍ ഓര്‍ക്കുന്നത് .പക്ഷേ ഇന്നു ഞാന്‍ നാളെ നീ എന്നത് പലരും മറന്നുപോകുന്നു .ഒരു കാര്യം ശരിയാണ് .സമ്പന്നതയുടെ മടിയില്‍ ,ചുറ്റിലും കരുതലിന്‍ കൈകള്‍ ഒരുപാട് ഉള്ളവര്‍ക്ക് അതൊക്കെ വെറും വാര്‍ത്തകള്‍ മാത്രമാണ് .അന്നന്നത്തെ അന്നത്തിനായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഒറ്റയ്ക്കുയാത്ര ചെയ്യുന്നസ്ത്രീകള്‍, ജീവിതദുഃഖങ്ങള്‍ക്കിടയിലും  അല്ലലറിയിക്കാതെ വളര്‍ത്തി ക്കൊണ്ടുവരുന്ന സാധാരണക്കാരുടെ പെണ്‍മക്കള്‍ ഇവരെയൊക്കെ മാത്രം തെരഞ്ഞു പിടിക്കുകയാണെന്ന് തോന്നുന്നു.ചിലരുടെ അഭിപ്രായം വേഷവിധാനമാണ് എല്ലാത്തിന്റെയും തുടക്കമെന്നാണ് .തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ട സൗമ്യയും ഫാന്‍സികടയിലെ  ജോലികഴിഞ്ഞുമടങ്ങിയപ്പോള്‍ കൊല്ലപ്പെട്ട സ്മിതയും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും എന്തുവേഷം ധരിച്ചിട്ടാണ് അങ്ങനെ സംഭവിച്ചത് .ആരും തുണയില്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ വേഷത്തിലും ശ്രദ്ധയില്ലാതെ ഊരുചുറ്റുന്ന വിദേശവനിതകളെ എന്താണ് തൊടാത്തത് .തൊട്ടാല്‍ കൈ പൊള്ളൂമെന്നറിയാം ഓരോ  ദുരന്തത്തിനു ശേഷവും സഹതാപത്തില്‍ തുടങ്ങി പിന്നെ അവരുടെ ആത്മഹത്യ വരെ കാണാതെ പിന്നോട്ടില്ല നമ്മുടെ സമൂഹം .പെണ്ണെന്നു തോന്നുന്ന ചോരക്കുഞ്ഞിനെപ്പോലും വെറുതേ വിടാത്തവര്‍ക്കെന്തു വനിതാദിനം .എത്ര വനിതാദിനങ്ങള്‍ക്കു ശേഷമായിരിക്കും ഒരു മാറ്റമുണ്ടാവുക ?

താളം


നിദ്രതന്‍ കയങ്ങളിലാണ്ടൂ കിടക്കവേ
നീട്ടിവിളിക്കുന്നു സെല്‍ഫോണിന്‍ താളം
ഉറക്കത്തിലും അറിയാതെ നീളും കരങ്ങള്‍
ഉന്നം പിഴച്ചിടാതെ  നിശ്ചലമാക്കിയാ സ്വരം
അമ്പിളിത്തോണി മറുകരയണയും  മുന്‍പേ
അരുണന്‍ രഥമേറിയെത്തും മുന്‍പേ
കിളിനാദങ്ങള്‍ ചുറ്റിലുമുയരും മുന്‍പേ
നിശബ്ദതയിലുണരുന്നെന്‍ ജീവിതതാളം
ഓടിക്കിതച്ചെത്തുന്നൂ ദിനവും കാറ്റിനെപ്പോലെ
ഒഴുകുന്നൂ ജനസമുദ്രത്തിലൊരോളം പോലെ
അകലെനിന്നും കേള്‍ക്കുന്നൂ നിന്‍ ചൂളംവിളി
അലറിപ്പാഞ്ഞെത്തുമ്പോള്‍ ഉള്ളിലൊരാശങ്ക
ആദ്യദര്‍ശനത്തിലെ ഭയമെന്നിലിന്നൊരു
ആത്മബന്ധമായി ആരുമറിയാതെ മാറിയില്ലേ
തിക്കിയും തിരക്കിയും അകത്തെത്തിടുമ്പോള്‍
തിരഞ്ഞുപിടിക്കും ഇരിപ്പിടമൊരെണ്ണം സത്വരം
കരുത്താര്‍ന്ന  ചുമലുകളില്‍ ചാരിയിത്തിരിനേരം
കണ്ണുകളടഞ്ഞു പോകുന്നതെന്തു നിന്‍ മറിമായമോ
മുന്നില്‍ മെല്ലേ തെളിയുകയായി മിന്നലുകള്‍
മുറിവുകളിന്നും ഉണങ്ങാത്തോരെന്‍ ഇന്നലെകള്‍
മരണം വരിക്കുവാനാഗ്രഹിച്ച പലനാളുകള്‍
വഴിയേതെന്നോര്‍ത്തു ഉറങ്ങാത്ത രാവുകള്‍
മിഴിനീരും ചേരുമൊരു ജലത്തിന്നാഴങ്ങളിലോ
ആളിപ്പടര്‍ന്നു കത്തുമൊരു അഗ്നിജ്വാലയിലോ 
മിടിക്കുമുയിരിനെ നിശ്ചലമാക്കും വിഷമൊന്നിലോ
നിരത്തില്‍ പാഞ്ഞടുക്കുമൊരു ശകടത്തിനടിയിലോ
അപ്പോഴും കാതോരം കേള്‍ക്കാം  താളങ്ങള്‍
എപ്പോഴും കിന്നാരം ചൊല്ലും കുഞ്ഞുശ്വാസതാളങ്ങള്‍
കൂടെകൊണ്ടുപോകണമവരേയും എനിക്കു
മറ്റാരും തുണയില്ലാലോകത്തില്‍ തനിച്ചായാലോ
മുന്നിലാരോ തുറന്നുതന്നൊരു വാതില്‍
മൂടുപടമായി അണിഞ്ഞൊരു പുഞ്ചിരി
മുടങ്ങാതെയെത്തുന്നൂ ജീവിതഭാരവും പേറി
മഞ്ഞുപോലെ അലിയില്ലേ  മനസ്സിലെ മാറാലകള്‍ 
കൂകിപ്പായും തീവണ്ടിപോലെത്രയോ ജീവിതങ്ങള്‍
കടങ്കഥപോലെ നീളുന്നു  അന്തമില്ലാ പാതകള്‍
ഇന്നെന്‍ പുലരിയുടെ സംഗീതം നീയല്ലേ
ഇരവിലും കൂട്ടായൊരു പ്രിയ സ്വരമല്ലേ
ഇന്നലെകള്‍ മതിയാക്കി ഞാനുണര്‍ന്നു വേഗം
ഇനിയും ചൊല്ലുവാനുണ്ടേറെ സ്വകാര്യങ്ങള്‍
ഇത്രമേല്‍ എന്നില്‍ ചേര്‍ന്നുവോ നിന്‍ താളം
ഇതു ചൂളംവിളികള്‍ക്കുള്ളിലെ ജീവിതതാളം

Monday, March 4, 2013

മാനസപുത്രിമാര്‍


മുത്തശ്ശിക്കഥകളായി നിറഞ്ഞ മായാലോകമതില്‍
കണ്ടതെല്ലാം മിഴിനീരണിഞ്ഞ പെണ്മുഖങ്ങള്‍ 
സന്ധ്യാദീപത്തിന്‍ വെളിച്ചത്തില്‍
മുടങ്ങാതെ ഉരുവിടും ശ്രീരാമമന്ത്രം
ഗൗതമശാപമേറ്റു കല്ലായിക്കിടന്നൊരു
അഹല്യയ്ക്കു മോക്ഷമേകിയ പാദങ്ങള്‍
ഉത്തമപുരുഷനാം രാമനും തേടിയില്ലേ
അഗ്നിശുദ്ധിതന്‍ കരുണയില്ലാ കരങ്ങള്‍
മകള്‍ക്കു ഭൂമിയോ കൊടുത്തു മാറിലൊരിടം
രാമമന്ത്രമോതിടുമ്പോഴും ഉള്ളില്‍ നീ മാത്രം
പുറമേനിന്നും നോക്കിയാല്‍ കാണാവതല്ലല്ലോ
പുതുയുഗത്തിലെ  ശ്രീരാമന്‍മാരുടെ മനസ്സ്
പിന്നെ കണ്ണുനിറച്ചെത്തീ  ഗാന്ധാരീവിലാപം
പുത്രദു:ഖത്താല്‍ ഉതിരും ശാപവചനങ്ങളും
നദിയിലൊഴുക്കിയ മകനെയോര്‍ത്തു
നീറിപ്പുകയും ജീവിതവുമായി കുന്തിയും
കൂടെപ്പിറപ്പുകളെല്ലാം കാലപുരിപൂകിയതിന്‍
വേദനയാലെ മണ്ണിലിഴയും ദുശ്ശളയും
പത്മവ്യൂഹത്തില്‍ അലിഞ്ഞുചേര്‍ന്നൊരു
അശ്രുകണങ്ങളുമായി വരും ഉത്തരയും
പണയമായി മാറിയ പാഞ്ചാലപുത്രിയും
പതികളഞ്ചും നോക്കുകുത്തികളായി മാറിയതും
പതിയെ മിഴികളടച്ചെല്ലാം മനസ്സില്‍കണ്ടൂ
പകര്‍ച്ചവ്യാധികള്‍ പോലെ തുടരുന്നെല്ലാമിന്നും
പരിഭവങ്ങളൊക്കേയും അര്‍പ്പിക്കുവാനില്ലൊരിടവും
 അംഗുലീയം കൈവിട്ടു പോയതിനാലെ
അംഗനയാം ശകുന്തളയും പതറിയില്ലേ
അടയാളമായി നല്കിയതെന്തുണ്ടെങ്കിലും
അഭിനവ ദുഷ്യന്തന്‍മാര്‍ക്കു തെല്ലുമില്ല കുലുക്കം
വര്‍ണ്ണമേറും വെറും കഥകളോ ഇതെല്ലാം
ഉദാഹരണമെത്ര വേണമെങ്കിലും നിരത്തിടാം
ഉള്ളിലെരിയും  നെരിപ്പോടുമായി നില്‍ക്കുന്നൂ
വര്‍ത്ത‍മാനകാലത്തിന്‍ മാനസപുത്രിമാര്‍