Monday, May 20, 2013

മയിൽ‌പ്പീലി


മാനം കാണാതൊളിച്ചിരുന്നൊരാ മയിൽ‌പ്പീലി
മണിവേണുഗായകനെ  തേടിയലഞ്ഞു
വർണ്ണങ്ങളെല്ലാം  എങ്ങോമാഞ്ഞുപോയി
വർഷങ്ങളെത്രയോ  കൊഴിഞ്ഞുപോയി
വാർമുകിലെങ്ങുനിന്നോ പാറിവന്നു
വന്നുചേർന്നല്ലോ മനസ്സിലൊരു മയൂരം
വെന്തെരിയും വേനലിനുമീതേ  മെല്ലെ
വീഥിയിലാകെ വിടർന്നു വർണ്ണക്കുടകൾ
വീണുകരിഞ്ഞൊരാ വാകതന്നിതളുകളിൽ
വേർപെടുമാത്മാവിൻ  തേങ്ങലുകൾ 
അഴൽ  മൂടിയോരു  അകതാരിൽ 
അറിയാതെ പകർന്നുപോയി അരുണിമ
കാണുമ്പോൾ ഒളിമിന്നുമൊരു തിളക്കം
കണ്ണുകളിൽ ഓടിമായുമൊരു തിരയിളക്കം
കദനങ്ങളാൽ മറഞ്ഞൊരു  നുണക്കുഴി
കവിളിൽ വീണ്ടും  തെളിഞ്ഞുവോ 
കിനാവിൽ വിരുന്നുവന്നൊരു കാർവർണ്ണനോ
കാരണമെന്തെന്നു തിരക്കി ഞാനലഞ്ഞു
നിൻ തിരുനടയിൽ  കൈകൂപ്പി
നിത്യവും നിൽക്കുവാൻ നേരമില്ലല്ലോ
നെഞ്ചിൻകൂടിനുള്ളിൽ   ഉണ്ടല്ലോ
നീലപ്പീലിചൂടിയ മഞ്ജുള രൂപം
നെറ്റിയിലെന്നും ഞാൻ ചാർത്തിടും
നറുംചന്ദനത്തിൽ നിൻ സാമീപ്യമില്ലേ
എങ്കിലും നീയതറിഞ്ഞതിൻ ഭാവമില്ലല്ലോ
ഇനിയും പലപല ജന്മങ്ങൾ വേണമോ ?

No comments:

Post a Comment